കിഴക്കൻ മേഖലാ ശിവഗിരി തീർഥാടന പദയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
അണക്കര ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തില്‍നിന്ന് സെക്രട്ടറി സ്വാമി ഗുരുപ്രകാശത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് കിഴക്കൻ മേഖലാ ശിവഗിരി തീർഥാടന പദയാത്ര ആരംഭിച്ചത്.
ഞായറാഴ്ച രാവിലെ അഞ്ചോടെ പോത്തിൻകണ്ടം ശാഖയില്‍നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് പുളിയൻമല സെൻട്രല്‍, പുളിയൻമല പാറക്കടവ്, അന്യാർതൊളു, കല്ലാർ, വിജയപുരം, തേർഡ് ക്യാമ്പ് എന്നീ ശാഖകള്‍ പുളിയൻമലയില്‍ സ്വീകരണം നല്‍കി.
തുടർന്ന് കട്ടപ്പനയിലെത്തിയ യാത്രയെ എസ്‌എൻഡിപി യോഗം മലനാട് യൂണിയൻ സ്വീകരിച്ചു. ഗുരുദേവ കീർത്തിസ്തംഭത്തില്‍ പ്രത്യേക പൂജകളും പ്രാർഥനകളും നടന്നു.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, യോഗം ഡയറക്ടർ ബോർഡംഗം കെ എൻ തങ്കപ്പൻ, പുളിയൻമല ശാഖ പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി എം ആർ ജയൻ, കൊച്ചുതോവാള ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍, കെ ശശിധരൻ, കട്ടപ്പന മർച്ചൻ്റ്സ്അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പനയില്‍നിന്ന് പുനരാരംഭിച്ച പദയാത്ര നരിയൻപാറ, കാഞ്ചിയാർ ശാഖകളുടെ സ്വീകരണത്തിനുശേഷം തൊപ്പിപ്പാള ശാഖാമന്ദിരത്തില്‍ സമാപിച്ചു.





