ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി കെ.എൻ ബാലഗോപാല്‍
സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാല്‍.ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു. ട്രഷറി വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ ട്രഷറികൾ ആരംഭിച്ചിട്ടുണ്ടെന്നും ചിലത് നിർമ്മാണഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്തിന് പുറത്തായി പ്രവർത്തിച്ചിരുന്ന ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായാണ് ട്രഷറി പൈനാവിലേക്ക് മാറ്റുന്നത്. ജില്ലാ ആസ്ഥാനത്ത് ട്രഷറി പ്രവർത്തനം ആരംഭിക്കുന്നതോടെ ധനകാര്യ-ഭരണകാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ 27 ട്രഷറികൾ പുതിയ കെട്ടിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പട്ടത്ത് ട്രഷറിക്ക് ആസ്ഥാന മന്ദിരവും നിർമ്മിച്ചിട്ടുണ്ട്. ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഓൺലൈൻ സേവനങ്ങൾ, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താൽ ഉടൻ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം, കൂടുതൽ ശക്തമായ ഡിജിറ്റൽ സുരക്ഷ എന്നിവയും ഉറപ്പാക്കിയതായി മന്ത്രി പറഞ്ഞു.
യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം മുൻപ് ജില്ലാ ആസ്ഥാനത്തിന് പുറത്താണ് ട്രഷറി പ്രവർത്തിച്ചിരുന്നതെന്നും നിലവിൽ സാഹചര്യം മാറിയതിനാൽ ആധുനിക സൗകര്യങ്ങളോടെ ട്രഷറി ആസ്ഥാനത്തേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പുതിയ കെട്ടിടം സമയബന്ധിതമായി നിർമ്മിച്ച് അവിടേക്ക് ട്രഷറി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഐ.എച്ച്.ആർ.ഡി എന്നിവയ്ക്കുപുറമെ ഇടുക്കിയിൽ ലോ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്തിൽ നിന്നുള്ള ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റിയത്. പുതിയ ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിനായി പൈനാവിൽ ജില്ലാ പഞ്ചായത്തിനുസമീപം 15 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, രാജു കല്ലറയ്ക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷിജോ തടത്തിൽ, സാജൻ കുന്നേൽ, സിനോജ് വള്ളാടി, സുശീല എൻ.എൻ., ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു എന്നിവർ സംസാരിച്ചു..





