ജില്ലയിൽ മത്സ്യ ഉത്പാദനം വർധിപ്പിക്കും ; മന്ത്രി സജി ചെറിയാൻ

ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ മത്സ്യ ഉത്പാദനം വർധിപ്പിക്കും ; മന്ത്രി സജി ചെറിയാൻ

ഇടുക്കി: ജില്ലയിലെ 24 ഡാമുകളിൽ മത്സ്യകൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകൾ പ്രവർത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാനാകുമെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ കീഴിൽ വെള്ളത്തൂവൽ പഞ്ചായത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

ഇതുവഴി കൂടുതൽ ഡാമുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാകും. ജില്ലയിലെ മത്സ്യകർഷകർ ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഏകദേശം 4500 ശുദ്ധജല മത്സ്യകർഷകർ സംസ്ഥാനത്തിന്റെ മത്സ്യ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് മത്സ്യക്കുഞ്ഞുങ്ങൾ വിദൂര ജില്ലകളിൽ നിന്നാണ് വലിയ ബുദ്ധിമുട്ടോടെ എത്തിച്ചിരുന്നത്. ദൂരയാത്രകളിൽ മത്സ്യക്കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുതലായതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകാറുണ്ടായിരുന്നു. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായാണ് സർക്കാർ ചെങ്കുളത്ത് മത്സ്യവിത്ത് ഫാം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

വെള്ളത്തൂവൽ പഞ്ചായത്തിലെ ചെങ്കുളം ഡാം സൈറ്റിൽ 1.62 ഹെക്ടർ സ്ഥലത്ത് 654.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അഞ്ച് സെന്റ് വീതമുള്ള 15 ടാങ്കുകളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടുന്ന ഫാമിന് പ്രതിവർഷം 3.6 മില്യൺ മത്സ്യക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഇടുക്കി ജില്ലയിൽ കാർപ്പ്, തിലാപ്പിയ, വരാൽ, ആസാംവാള, അനാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൃഷി വിവിധ പദ്ധതികളിലൂടെ നടന്നു വരുന്നു. കുളങ്ങളും മറ്റു നൂതന മത്സ്യകൃഷി രീതികളുമായി 250 ഹെക്ടറിലധികം ജലാശയങ്ങൾ മത്സ്യകർഷകർ ഉപയോഗപ്പെടുത്തുന്നു. ജില്ലയിൽ ഏകദേശം 12,000 ഹെക്ടർ റിസർവോയറുകൾ മത്സ്യ ഉത്പാദനത്തിന് വലിയ സാധ്യതയുള്ളതായും മന്ത്രി പറഞ്ഞു.

ചെങ്കുളം ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എൻജിനീയർ സുനിൽ സാമുവൽ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് അംഗം പി. സി. ജയൻ, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. കണ്ണൻ, നെടുങ്കണ്ടം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോബിൻസ് കുര്യൻ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.