നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാർക്ക് കർശന ചുമതലകൾ; ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെ ചുമതലകൾ നിശ്ചയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം.
രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികളിലും പൊതുയോഗങ്ങളിലും ഹരിതചട്ടം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൂടാതെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ ഉദ്യോഗസ്ഥർക്കായി ഹരിതപാലനവുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകണമെന്നും നിർദ്ദേശമുണ്ട്.
പരിശീലന പരിപാടികളിൽ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴിവാക്കി ഹരിതചട്ടം കർശനമായി നടപ്പിലാക്കണം. പരിശീലന കേന്ദ്രങ്ങൾ, ഇ.വി.എം കമ്മീഷനിംഗ് കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഹരിത പെരുമാറ്റചട്ടം ഉറപ്പുവരുത്തേണ്ടതാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വ മിഷനും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടികളും നടപ്പിലാക്കുന്നതിന് നോഡൽ ഓഫീസർമാർ ശ്രദ്ധിക്കണം. ശുചിത്വ മിഷന്റെ സഹകരണത്തോടെ ഹരിതചട്ടത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.
ഇതോടൊപ്പം, തിരഞ്ഞെടുപ്പ് കമ്മീഷൻ സമയോചിതമായി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്ക് ഹരിതകർമ്മസേനയുടെ സേവനം ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹരിതചട്ടം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ജില്ലാ ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കു സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.






