ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1 മുതൽ തുറക്കും

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1 മുതൽ തുറക്കും

വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

Slide 1
Slide 2
Slide 3
Slide 4

ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചിരുന്നത്. പുതുതായി പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രജനന പ്രക്രിയ സുതാര്യമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.

ഉദ്യാനം തുറന്നതിന് പിന്നാലെ വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ പുതിയതായി പിറന്ന കുഞ്ഞുങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമാകും.

സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ മധ്യവേനൽ അവധിക്കാലത്ത് വരയാടുകളെ കാണാനും ഉദ്യാനത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികളുടെ തിരക്ക് വർധിക്കും. ഇതിനോടകം തന്നെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.

ഉദ്യാനം തുറക്കുന്നതോടെ പ്രദേശത്തെ ടൂറിസം മേഖലക്ക് വലിയൊരു ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.