വേനൽ ചൂട് : അവധിക്കാല സ്പെഷ്യൽ ക്ലാസുകൾക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണെന്നും ചട്ടവിരുദ്ധമായി ക്ലാസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കേരളത്തിൽ താപനില ഉയർന്ന സാഹചര്യവും ആരോഗ്യ, കാലാവസ്ഥാ വകുപ്പുകളുടെ ജാഗ്രത നിർദേശങ്ങളും പരിഗണിച്ചാണ് തീരുമാനം. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കാമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നിലനിൽക്കുന്നു. ഈ മാസം 19 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.





