യുവ വൈദികൻ കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) അന്തരിച്ചു. സഹവികാരിയെ യാത്രയയയ്ക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1983 ഒക്ടോബർ 17ന് ജോർജിയാർ കോയിക്കൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ഫാ. ജോസഫ് ജനിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 2013 ഡിസംബർ 30ന് ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വൈദികപട്ടം സ്വീകരിച്ചത്. ബി.എ ഫിലോസഫി, ബി.ഫാം, ബി.ടെക് ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
2014ൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സഹവികാരിയായാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് കട്ടക്കാല, കനകക്കുന്ന്, കിളിയാർകണ്ടം, ആൽപ്പാറ, തൊവരയാർ, മുരിക്കുംതൊട്ടി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പ്രയർ ഗ്രൂപ്പ് ഡയറക്ടർ, ചുരുളി സാന്തോം പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, വൊക്കേഷൻ ഗൈഡൻസ് കോ-ഓർഡിനേറ്റർ, കെസിവൈഎം റീജണൽ ഡയറക്ടർ, ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന് രാവിലെ 7ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11.30 മുതൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയും സമാപന ശുശ്രൂഷകൾക്കുശേഷവും സംസ്കാരം നടക്കും.
സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.


