ബക്രീദിന് രണ്ട് ദിവസം പൊതുഅവധി; 28-നും അവധി പ്രഖ്യാപിച്ച് സർക്കാർ
സംസ്ഥാനത്ത് ബക്രീദ് (ഈദുല്‍ അദ്ഹ) പ്രമാണിച്ച് മെയ് 27 ബുധനും 28 വ്യാഴവും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ മെയ് 27-നായിരുന്നു ബക്രീദ് അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുല്‍ഹിജ്ജ മാസം മെയ് 19 ചൊവ്വാഴ്ച ആരംഭിച്ചതായി വിവിധ ഖാസിമാർ പ്രഖ്യാപിച്ചു. അതനുസരിച്ച് ബലിപെരുന്നാൾ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.
ഇതിനെ തുടർന്നാണ് സർക്കാർ മെയ് 28-നും അധിക അവധി പ്രഖ്യാപിച്ചത്. കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിലുള്ള സ്ഥാപനങ്ങൾക്കും രണ്ട് ദിവസവും അവധി ബാധകമായിരിക്കും.
ബലിപെരുന്നാൾ വ്യാഴാഴ്ചയാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം A. P. അബൂബക്കർ മുസ്ലിയാർ, സെയ്ദ് ഇബ്രാഹിമുൽ ഖലീൽ ,സയ്യിദ് അബ്ദുല്ല ഹബീബ് അൽ ബുഖാരി, V. P. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.




