ഇടുക്കി രൂപതാതല വിദ്യാരംഭം മുരിക്കാശേരിയിൽ നടന്നു
മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി രൂപതാതല വിദ്യാരംഭം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ബിഷപ് എഴുത്തിനിരുത്തി. പന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇതിന്റെ രൂപതാതല ഉദ്ഘാടനമാണ് മുരിക്കാശേരിയിൽ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ്, കുട, കുട്ടികളുടെ ദീപിക മാസിക, മധുരപലഹാരം എന്നിവ വിതരണം ചെയ്തു. കുട്ടികളോടും മാതാപിതാക്കളോടും ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ബിഷപ് മടങ്ങിയത്.
പരിപാടികൾക്ക് മുരിക്കാശേരി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേമുറി, ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.


