സ്റ്റേഡിയം നിർമാണം: തർക്കഭൂമി അളന്ന് താലൂക്ക് സർവേ സംഘം
വൈക്കം: വൈക്കം മുനിസിപ്പാലിറ്റി പരിധിയിലെ വെസ്റ്റ് മടിയാത്ര സ്കൂളിലെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട തർക്കഭൂമി താലൂക്ക് സർവേ സംഘം അളന്ന് പരിശോധന നടത്തി. കെ. ബിനിമോൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് സർവേ നടപടികൾ നടത്തിയത്.
റീസർവേ റിപ്പോർട്ട് ഉടൻ തഹസിൽദാർക്ക് സമർപ്പിക്കുമെന്ന് സർവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോൾ സമീപ റോഡിനും റോഡരികിലെ മൂന്ന് വീടുകളുടെ പുരയിടങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ പരിശോധന നടത്തണമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ നിർദേശിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സൗദാമിനി അഭിലാഷ് സർവേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ ഡി. രഞ്ജിത് കുമാർ, ബി. രാജശേഖരൻ, കൗൺസിലർമാരായ വിജിമോൾ, മാധുരി, രതിമോൾ, അനിൽകുമാർ, എം.എൽ.എ ഓഫീസ് പ്രതിനിധി സുരേഷ് ബാബു, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു നമ്പിതാനം, സർവേ സംഘത്തിലെ സൂപ്രണ്ട് ഇൻ-ചാർജ് ജലീൽ, താലൂക്ക് സർവേയർമാരായ ബിനു, ദിവ്യ എന്നിവർ സർവേ നടപടികൾക്ക് നേതൃത്വം നൽകി.





