ഏലക്കായിൽ കൃത്രിമ നിറം; ഇടുക്കിയിൽ സ്ഥാപനങ്ങളിലും ഡ്രയറുകളിലും പരിശോധന
ഇടുക്കി: ഏലക്കായിൽ കൃത്രിമ നിറം ചേർക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. എറണാകുളം റീജിയൻ ഡെപ്യൂട്ടി കമ്മിഷണർ ആർ. രൺധീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ, ഏലക്ക ഉണക്കുന്ന ഡ്രയറുകൾ, ഏലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സർവെയ്ലൻസ് സാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചു.
ഇടുക്കി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആതിരദേവി, ശ്രീദേവി, ജോയ്സ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


