കുമളി–വണ്ടിപ്പെരിയാർ വഴി എത്തുന്നവർക്ക് സുരക്ഷിത തീർഥാടനം ഉറപ്പാക്കും
തീർഥാടന പാതയിലെ ഭക്ഷണവിൽപ്പന കേന്ദ്രങ്ങളിൽ അമിതവില ഈടാക്കിയാൽ നടപടി
കുമളി : വണ്ടിപ്പെരിയാർ വഴികളിലൂടെ ശബരിമലയിലെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കുമളി ബാംബൂ ഗ്രോവ്സിൽ ചേർന്ന അന്തർസംസ്ഥാന യോഗത്തിലാണ് തീരുമാനം.
തീർഥാടകർക്ക് കുടിവെള്ളം, ഭക്ഷണം, ചികിത്സ, ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇടുക്കി ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തേനി ജില്ലാ കളക്ടർ വി. ശിവകൃഷ്ണമൂർത്തിയും വ്യക്തമാക്കി.
വാളാർഡിയിൽ ഓൺലൈൻ ബുക്കിങ് കേന്ദ്രം
ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിങ് കേന്ദ്രം ഇത്തവണ വണ്ടിപ്പെരിയാറിനു സമീപം വാളാർഡിയിൽ പ്രവർത്തിക്കും. ഇവിടെ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും സത്രം വഴിയുള്ള കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിടുക. ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ പമ്പ വഴിയുള്ള യാത്ര തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദേശിക്കും.
ഇതുസംബന്ധിച്ചും തീർഥാടകർ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളെക്കുറിച്ചും തമിഴ്നാട്ടിൽ വ്യാപകമായ പ്രചാരണം നടത്തും. ഇതിനായി ഒരു ലക്ഷത്തിലധികം ലഘുലേഖകൾ വിതരണം ചെയ്യും. മൈക്ക് അനൗൺസ്മെന്റുകൾ, ബാനറുകൾ, ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം എന്നിവയും സംഘടിപ്പിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിക്കും. പദയാത്ര നടത്തുന്നവർക്ക് രാത്രികാല സുരക്ഷയ്ക്കായി റിഫ്ലക്ടർ ബാൻഡുകൾ നൽകും. ഈ മാസം 29ന് റോഡ് സുരക്ഷാ യോഗം ചേരും. തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ ടീമിനെ നിയോഗിക്കുകയും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും.
അധിക ബസ് സർവീസുകൾ
പളനി, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. തമിഴ്നാട്ടിൽനിന്നും അധിക ബസ് സർവീസുകൾ ഏർപ്പെടുത്തും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണവും നവംബർ പത്തിനകം പൂർത്തിയാക്കും.
വാളാർഡി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ആവശ്യമായ ശൗചാലയങ്ങൾ ഒരുക്കും.
തീർഥാടന പാതകളിലെ തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണവിൽപ്പന കേന്ദ്രങ്ങളിൽ വില നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ച വിലയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാനനപാതയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ
സത്രത്തിനും പുല്ലുമേടിനുമിടയിൽ സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിൽ വനംവകുപ്പ് മൂന്ന് ഇക്കോ ഷോപ്പുകൾ കൂടി തുറക്കും. ഇവിടെ കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങൾ എന്നിവ ലഭ്യമാക്കും.
പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ പുതിയ വാച്ച് ടവർ നിർമിക്കും. ആറുപേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിനു പുറമേ, ഈ പാതയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. പകൽ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ടീമുകൾ 24 മണിക്കൂറും പട്രോളിങ് നടത്തും. തകരാറിലാകുന്ന വാഹനങ്ങൾ നന്നാക്കുന്നതിനായി വർക്ക്ഷോപ്പ് സഹായവും ഉറപ്പാക്കും. ജീപ്പ് സർവീസുകളുടെ നിരക്ക് നിശ്ചയിച്ച് വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
15 കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണം
വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ടീമുകൾ ഒരേസമയം മേഖലയിൽ പരിശോധന നടത്തും. 24 മണിക്കൂറും നിരീക്ഷണവും ഏർപ്പെടുത്തും.
മഞ്ചുമല, കുമളി, പെരിയാർ, പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഇടുക്കി ആർ.ഡി.ഒ എസ്. ശ്രീജിത്ത്, ഉത്തമപാളയം ആർ.ഡി.ഒ സെയ്ദ് മൊഹിയുദീൻ ഇബ്രാഹിം, തേനി എ.ഡി.എസ്.പി എൻ. മഹേഷ്, ഇടുക്കി ഡിവൈ.എസ്.പി രാജൻ കെ. അരമന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, ജില്ലാ സപ്ലൈ ഓഫീസർ ജി. ബീനാ ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


