ടീം ഇടുക്കി സോൾജിയേഴ്‌സ് – സേവനത്തിന് മാതൃക
ഇടുക്കി:ഇടുക്കി ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം ഇടുക്കി സോൾജിയേഴ്‌സ് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അശരണരും ആലംബഹീനരും ബുദ്ധിമാന്ദ്യമുള്ളവരും കഴിയുന്ന സ്ഥാപനങ്ങളിലേക്ക് സഹായസാധനങ്ങൾ വിതരണം ചെയ്തു.
2025 സെപ്റ്റംബർ 24-ന് തോപ്രാംകുടി അസ്സിസി, നെടുംകണ്ടം ആകാശ പറവകൾ, കുമിളി സ്നേഹസദൻ എന്നീ സ്ഥാപനങ്ങളിലേക്കാണ് ചെയറുകൾ, സ്റ്റൂളുകൾ, വാഷിംഗ് മെഷീൻ, അരി, മറ്റു സാധനങ്ങൾ എന്നിവ നൽകി എത്തിച്ചത്.
തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവെക്കുകയും, ജില്ലയിലെ സുഹൃത്തുകളിൽ നിന്ന് സാമ്പത്തിക സഹായം ശേഖരിക്കുകയും ചെയ്താണ് സൈനികർ ഈ ദൗത്യം പൂർത്തിയാക്കിയത്.
സഹായങ്ങൾ വിതരണം ചെയ്യുന്നതിനായി ടീം ഇടുക്കി സോൾജിയേഴ്‌സ് എക്സിക്യൂട്ടീവ് മെമ്പർ ക്യാപ്റ്റൻ ജോയ് കെ.ജെ (ശാന്തിഗ്രാം), ജനറൽ സെക്രട്ടറി സുബേദാർ അനിഷ് തോമസ് (പുളിക്കൽ), ട്രഷറർ ഹാവിൽദാർ പ്രദീപ് കുമാർ (മുണ്ടിയെരുമ), എക്സിക്യൂട്ടീവ് മെമ്പർ ഹാവിൽദാർ പ്രവീൺ ജോൺസൺ, സംഘടനയുടെ സുഹൃത്തായ ജിജി വർഗീസ് (നെടുംകണ്ടം) എന്നിവർ പങ്കെടുത്തു.
സാധനങ്ങൾ എത്തിക്കുന്നതിന് Jungle Riders കുമിളി ടീമിന്റെ ഓഫ്‌റോഡ് ജീപ്പും, ഡ്രൈവർ സാംകുട്ടി എന്നിവരുടെ സേവനവും ലഭ്യമായി.
രാവിലെ ആറുമണിക്ക് കട്ടപ്പനയിലെ ടീം ഇടുക്കി സോൾജിയേഴ്‌സ് ഓഫിസിൽ നിന്ന് ഇന്ത്യൻ ആർമി കളരിപ്പയറ്റ് കോച്ച് സുബേദാർ അനിഷ് തോമസ് ഫ്ലാഗ് ഓഫ് നൽകി വാഹനങ്ങളെ യാത്രയാക്കി.
“ജനങ്ങളുടെ ക്ഷേമത്തിനായി തങ്ങൾക്ക് കഴിയുന്ന രീതിയിൽ സേവനം തുടരാനാണ് സംഘടനയുടെ തീരുമാനം” എന്ന് ട്രഷറർ പ്രദീപ് കുമാർ വ്യക്തമാക്കി.
പണം സ്വരൂപിക്കുന്നതിൽ സഹായിച്ച നാട്ടുകാരോടും സുഹൃത്തുക്കളോടും ക്യാപ്റ്റൻ ജോയ് കെ.ജെ നന്ദി രേഖപ്പെടുത്തി.
സേവനത്തിലിരിക്കുന്ന സൈനികർക്കായി നാട്ടുകാർ പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയും എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.





