തിരഞ്ഞെടുപ്പ് വിജയം ; രണ്ടുദിവസത്തിനകം വാഗ്ദാനം പാലിച്ച് പഞ്ചായത്ത് അംഗം
തെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടു ദിവസത്തിനകം തന്നെ നാട്ടുകാർക്ക് നൽകിയ ഉറപ്പ് പാലിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ഷീബ അജയ്.
ഇരട്ടയാർ സികെ പടി റോഡിൽ നിന്ന് ഗൗരിപ്പാറയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു നൽകിയാണ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ നൽകിയ വാഗ്ദാനം അവർ യാഥാർത്ഥ്യമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നാട്ടുകാർ റോഡിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വിജയിച്ചാൽ പാത ഗതാഗത യോഗ്യമാക്കി തുറന്നു നൽകാമെന്ന് ഷീബ ഉറപ്പു നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന രണ്ടു ദിവസത്തിനകം തന്നെ റോഡ് എട്ടടി വീതിയിൽ വാഹനങ്ങൾ കടന്നു പോകത്തക്ക വിധത്തിൽ സഞ്ചാര യോഗ്യമാക്കി തുറന്നു നൽകുകയായിരുന്നു.
മുമ്പ് ഇടുങ്ങിയ നടപ്പാത മാത്രമായിരുന്ന ഈ വഴിയിലൂടെ കാൽനടയാത്ര മാത്രമേ സാധ്യമായിരുന്നുള്ളൂ.ദീർഘനാളായി നാട്ടുകാർ ഉന്നയിച്ചിരുന്ന വാഹന ഗതാഗത സൗകര്യമെന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
മെമ്പർമാരായ റെജി ഇലിപ്പുലിക്കാട്ട്, ഷീബ അജയ്, ഡി.സി.സി സെക്രട്ടറി സ്റ്റീഫൻ, മണ്ഡലം പ്രസിഡൻറ് ഷാജി മഠത്തുംമുറി, വാർഡ് പ്രസിഡൻറ് സോണി കടുകൻമാക്കൽ, നാട്ടുകാർ തുടങ്ങിയവർ പരുപാടികളിൽ പങ്കെടുത്തു.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പിന്നീട് റോഡ് കോൺക്രീറ്റ് ചെയ്യുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.നടപ്പാത മാത്രമായിരുന്ന വഴിയിലേക്ക് ആവശ്യമായ സ്ഥലം വിട്ടു നൽകിയും ഇടപെട്ടും, തെരഞ്ഞെടുപ്പ് വാഗ്ദാനം വേഗത്തിൽ നടപ്പിലാക്കിയ ഷീബ അജയ് ജനപ്രതിനിധിയുടെ ഉത്തരവാദിത്ത ബോധത്തിന്റെ മികച്ച മാതൃകയായി മാറുകയാണ്.





