വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് പരാതി
വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ചെന്ന് പരാതി. ഇടുക്കി രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ടോമിയുടെ മാതാവ് മറിയക്കുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോഴാണ് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് വീട്ടിലെത്തിയത്.
ആക്രമി സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയുടെ കാലില് കെട്ടിയിട്ട ശേഷം അണിഞ്ഞിരുന്ന ഒന്നരപവന് സ്വർണാഭരണങ്ങൾ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തെത്തിയ മറിയക്കുട്ടി തൊട്ടടുത്ത പറമ്പിൽ പണി ചെയ്യുന്നവരെ വിവരം അറിയിച്ചു. ഇവര് എത്തിയപ്പോഴേക്കും മോഷ്ടാക്കള് രക്ഷപെട്ടു.
സംഭവത്തില് രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില് ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.





