സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അഞ്ചു മുതല്‍
തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചു മുതൽ ഏഴു വരെ നടക്കും.
അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചെയർമാന്മാരുടെ തെരഞ്ഞെടുപ്പ് അതതു വരണാധികാരികൾ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൾ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസകാര്യം എന്ന നാലു സ്റ്റാന്ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില് ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കലാ-കായികം എന്നിങ്ങനെ ആറ് സ്റ്റാന്ഡിംഗ് കമ്മിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും അതതു സ്ഥാപനത്തിലെ വരണാധികാരികളുടെയും ജില്ലാ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് എഡിഎമ്മിന്റെയും നേതൃത്വത്തിലും നടക്കും. മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടീസ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നല്കും.
ചെയർമാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്ഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്ക്കും യോഗ തീയതിക്ക് രണ്ടു ദിവസം മുൻപാണ് നല്കുക. സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗ തെരഞ്ഞെടുപ്പില് സ്ഥാനാർഥിക്ക് സ്വയം നാമ നിർദേശം സമർപ്പിക്കാം.
ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാന്ഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.





