ഗതാഗതക്കുരുക്കില്‍ വീർപ്പുമുട്ടി കട്ടപ്പന
ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭാ പരിധിയിലെ പ്രധാന റോഡുകൾ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത് .
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ മിക്ക റോഡുകളിലും വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ടൗണിൽ ഗതാഗത നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കാത്തതോടെ പേഴുംകവല, പാറക്കടവ്, വെള്ളയാംകുടി, ഇരുപതേക്കർ പള്ളിക്കവല തുടങ്ങിയ മേഖലകളിൽ മണിക്കൂറുകളോളം നീളുന്ന വാഹനനിരകൾ രൂപപ്പെട്ടു. ആഘോഷ ദിവസങ്ങളായതിനാൽ നഗരത്തിലേക്കുള്ള വാഹനപ്രവാഹം വർധിച്ചതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണമായത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും മേഖലയിലുടനീളം വീണ്ടും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ബൈപാസ് റോഡുകളുടെ അഭാവം, തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ടൗൺ വഴി കടന്നുപോകുന്നത്, അശാസ്ത്രീയ പാർക്കിംഗ് തുടങ്ങിയവയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്





