മലയാളി മാസ്റ്റേഴ്സ് സംസ്ഥാന ചാമ്പ്യൻഷിപ്പ്: എറണാകുളം ജില്ലാ ഓവറോൾ ചാമ്പ്യന്മാർ
രണ്ട് ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 489 പോയിന്റ് നേടിയാണ് എറണാകുളം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയത്. പുരുഷ–വനിതാ വിഭാഗങ്ങളിലെ പോയിന്റ് നിലയിലും എറണാകുളം ജില്ല തന്നെയാണ് മുന്നിലെത്തിയത്.
228 പോയിന്റ് നേടിയ കണ്ണൂർ ജില്ല റണ്ണേഴ്സ് അപ്പായും, 237 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും, 222 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും നേടി. ആതിഥേയരായ ഇടുക്കി ജില്ല 203 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1200-ലധികം കായികതാരങ്ങൾ രണ്ട് ദിവസങ്ങളായി നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേളയിൽ പങ്കെടുത്തു. 30 മുതൽ 90 വയസ് വരെ പ്രായമുള്ളവർക്കായാണ് മാസ്റ്റേഴ്സ് കായികമേള സംഘടിപ്പിച്ചത്. ജോലി ലഭിച്ചശേഷമോ 30 വയസ് കഴിഞ്ഞശേഷമോ കായികജീവിതം അവസാനിപ്പിച്ചവരെ വീണ്ടും കായിക രംഗത്തേക്ക് തിരികെ കൊണ്ടുവരുകയും, വ്യായാമം ഒരു ജീവിതശീലമാക്കുകയും ചെയ്യുകയാണ് ഇത്തരം കായികമേളകളുടെ ലക്ഷ്യം.
നെടുങ്കണ്ടത്ത് നടന്ന കായികമേളയുടെ സംഘാടക മികവിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയാണ് വിവിധ ജില്ലകളിൽ നിന്നെത്തിയ കായികതാരങ്ങൾ മടങ്ങിയത്. മാസ്റ്റേഴ്സ് മീറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ജോയി ആനിത്തോട്ടത്തിന്റെയും സ്വാഗതസംഘം ചെയർമാൻ എം.എൻ. ഗോപിയുടെയും നേതൃത്വത്തിലാണ് മീറ്റ് വിജയകരമായി സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ജോയി ആനിത്തോട്ടം, സ്വാഗതസംഘം ഭാരവാഹികളായ എം.എൻ. ഗോപി, എം.എസ്. ജോസഫ്, രഞ്ജിത്ത് മാലി, സിബി പുറംചിറ, റോബിൻ ചക്കാല, സജി ഇലവുകൾ, ബാബു പുളിക്കൽ, പാപ്പ കളപ്പുര, ചന്ദ്രബാബു, സന്തോഷ് മാന്തളത്തിൽ എന്നിവർ പ്രസംഗിച്ചു.





