ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു
ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം വാഴത്തോപ്പ്, പൈനാവ് ഗവ. യു.പി. സ്‌കൂൾ, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ന്യൂമാൻ കിൻഡർ ഗാർഡൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് കുട്ടികൾക്ക് വിരഗുളിക നൽകി ഉദ്ഘാടനം ചെയ്തു.
വ്യക്തിശുചിത്വത്തിനൊപ്പം ശരിയായ ഭക്ഷണക്രമത്തിനും സ്ഥിരമായ വ്യായാമത്തിനും പ്രാധാന്യം നൽകണമെന്ന് കലക്ടർ വിദ്യാർത്ഥികളോട് നിർദേശിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. എൻ. സതീഷ് അധ്യക്ഷത വഹിച്ചു.
വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഡിജിറ്റൽ പോസ്റ്റർ പ്രകാശനവും കലക്ടർ നിർവഹിച്ചു. ജില്ലാ ആർ. സി. എച്ച്. ഓഫീസർ ഡോ. സിബി ജോർജ് വിരഗുളിക കഴിക്കേണ്ട രീതി വിശദീകരിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമ്മിണി ജോസ്, പൈനാവ് യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല വി. ടി., പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യവകുപ്പ് ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ, വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





