മകരവിളക്ക് ദർശനം: സന്നിധാനത്ത് 15 വ്യൂപോയിന്റുകൾ
ശബരിമല: മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് 15 വ്യൂപോയിന്റുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ വ്യൂപോയിന്റുകളിലും പോലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പാക്കും.
തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന് പിന്നിലെ ഗ്രൗണ്ട്, ദർശൻ കോംപ്ലക്‌സ് പരിസരം, ബി.എസ്.എൻ.എൽ ഓഫിസിന് എതിര്‍വശം, കൊപ്രാക്കളം, ആഴി പരിസരം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ തീർത്ഥാടകർ തങ്ങുന്ന പാണ്ടിത്താവളം മേഖലയിൽ ദേവസ്വം ബോർഡ് ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ ഹിൽടോപ്പ് പ്രദേശത്താണ് മകരവിളക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്. മുൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.






