മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെ ആദരിച്ച് ഇടുക്കി രൂപത
മലയോര മേഖലയുടെ സമഗ്ര വികസനത്തിനായി അക്ഷീണമായി പ്രവർത്തിച്ച കർമയോഗിയാണ് മാർ ജോർജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേല്‍ പറഞ്ഞു. കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപത കുടുംബം മുരിക്കാശേരിയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റകാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പികളിൽ ഒരാളായി മാർ ജോർജ് പുന്നക്കോട്ടിലിനെ വിശേഷിപ്പിക്കാമെന്ന് മാർ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഹൈറേഞ്ച് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, റോഡുകൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിൽ അദ്ദേഹം ധീരവും ദൂരദർശിയുമായ നേതൃത്വം വഹിച്ചു. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ നിർവഹിച്ച കാലഘട്ടത്തിൽ ഹൈറേഞ്ച് പ്രദേശങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലും ശ്രദ്ധയും നിർണായകമായിരുന്നു. ഇടുക്കിയെ സാമൂഹിക-സാംസ്‌കാരിക-വികസനപരമായി സ്വയംപര്യാപ്തതയിലേക്കെത്തിച്ച ശേഷമാണ് ഹൈറേഞ്ചിലെ ഇടവകകളെ ഏകീകരിച്ച് പുതിയ ഇടുക്കി രൂപത രൂപീകരിക്കാൻ അദ്ദേഹം ശ്രമിച്ചതെന്നും മാർ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു.
ഇടുക്കിയിലെ ജനങ്ങൾക്ക് ആഴമേറിയ വിശ്വാസവും ദൃഢനിശ്ചയവും സേവനസന്നദ്ധതയും ഉള്ളതായി മറുപടി പ്രസംഗത്തിൽ മാർ ജോർജ് പുന്നക്കോട്ടില്‍ പറഞ്ഞു. ജനങ്ങളും നേതൃത്വവും കൈകോർത്ത് ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇടുക്കിയുടെ വളർച്ച സാധ്യമായതെന്നും രാഷ്ട്രീയ നേതൃത്വം എല്ലായ്പ്പോഴും ഇടുക്കിയുടെ വികസനത്തിന് പിന്തുണ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വിപുലമായ ചടങ്ങുകളോടെയാണ് രൂപതാ കുടുംബം ബിഷപ്പിന് സ്നേഹാദരം അർപ്പിച്ചത്. രാവിലെ 9.30ന് മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന ദേവാലയ അങ്കണത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവമായ സമൂഹബലി നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായി പങ്കെടുത്തു.
തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു. സമർപ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനീ സമൂഹം ഇടുക്കി നവജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ഡോ. ടെസ്ലിൻ എസ്.എച്ച്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് കോയിക്കൽ എന്നിവർ അനുമോദന വാക്കുകൾ അറിയിച്ചു.
വിവിധ ഭക്തസംഘടനകളുടെ രൂപതാ ഭാരവാഹികൾ ബിഷപ്പിന് ആദരവ് അർപ്പിച്ചു. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും വിവിധ ഇടവകകളിൽ നിന്നുള്ള കൈക്കാരൻമാരും ദേവാലയ ശുശ്രൂഷികളും ചടങ്ങിൽ പങ്കെടുത്തു. രൂപത ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. സെബാസ്റ്റ്യൻ വടക്കേൽ, ഫാ. ജിൻസ് കാരക്കാട്ട്, സാം സണ്ണി, ഷേർളി ജൂഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





