ആവേശമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം

ആവേശമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങൾ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരം കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലും, തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മത്സരം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് നടന്നത്. ഇരു വിദ്യാഭ്യാസ ജില്ലകളിൽ നിന്നുമായി 10 ടീമുകൾ വീതം ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം, മൂന്നാർ തുടങ്ങിയ സബ് ജില്ലകളിലെ 61 സ്കൂളുകളിൽ നിന്നായി 206 വിദ്യാർഥികളാണ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. കട്ടപ്പന എ.ഇ.ഒ. സി. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു മത്സരം. രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. കെ.ജി. വിനീത് ക്വിസ് മാസ്റ്ററായി. തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കുമളി ഗവ. വി.എച്ച്.എസ്.എസ് അധ്യാപകൻ രാമർ തമിഴിൽ ചോദ്യങ്ങൾ വിശദീകരിച്ചു നൽകി.

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്വിസ് മത്സരത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് നേതൃത്വം നൽകി. കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പോൾ സേവ്യർ ക്വിസ് മാസ്റ്ററായിരുന്നു. 52 സ്കൂളുകളിൽ നിന്നായി 179 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തിപത്രവും മെമെന്റോയും നൽകും.