ദേശീയ സ്‌കൂള്‍ ഗെയിംസ്: കേരള ക്രിക്കറ്റ് താരമായ ഷഹന ഫാത്തിമയ്ക്ക് റോട്ടറി ക്ലബ്ബിന്റെ ആദരം
ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളാ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച ഷഹന ഫാത്തിമയ്ക്ക് കൂടുതല്‍ പരിശീലനത്തിനായി നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബാറ്റും ഗ്ലൗസും നല്‍കി ആദരിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷഹന മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളിലാണ് കേരളത്തിനായി കളിച്ചത്. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹന, തൂക്കുപാലം കോട്ടിപ്പറമ്പില്‍ ഷംസുദ്ദീന്‍–നസിയ ദമ്പതികളുടെ മകളാണ്. നെടുങ്കണ്ടം ലീഡ്സ് ക്രിക്കറ്റ് അക്കാദമിയിലെ പ്രിന്‍സ് എബ്രഹാമിന്റെ പരിശീലനത്തിലാണ് ഷഹന ക്രിക്കറ്റ് അഭ്യസിക്കുന്നത്.
കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അസംബ്ലിയിലാണ് റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബ് ഭാരവാഹികള്‍ ഷഹനയ്ക്ക് ബാറ്റും ഗ്ലൗസും കൈമാറിയത്. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി നിര്‍മല്‍, പി.ജി. നിജേഷ്, ടി.ആര്‍. മനോജ്, കെ.പി. ജോഷി, പ്രമോദ്, ടോണ്‍സല്‍, ജഗദീഷ്, മനോജ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.





