കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് 14 ലക്ഷം രൂപ അനുവദിച്ചു
ഇടുക്കി മണ്ഡലത്തിലെ കട്ടപ്പന ഗവ. ട്രൈബല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
സ്‌കൂളിന്റെ കെട്ടിട നിർമ്മാണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും, പിൻഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതും ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും ആവശ്യമായതിനെ തുടർന്നാണ് അധിക തുക അനുവദിച്ചത്.
പി.ടി.എയും മാനേജ്‌മെന്റ് കമ്മിറ്റിയും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് തുക അനുവദിച്ചത്. നിർമ്മാണ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നൽകിയിരിക്കുന്നത്.
മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും സ്‌കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സംരക്ഷണ ഭിത്തി അനിവാര്യമായിരുന്നുവെന്നും, കുട്ടികൾക്ക് മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.





