ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് അസോസിയേഷന്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് അസോസിയേഷന്‍ കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും സ്റ്റേഷന്‍ മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു.
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.ആര്‍. അനിലിനെ അടിമാലി പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ മര്‍ദിച്ചെന്നാരോപിച്ചാണ് സമരം നടത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും സംഘടന ഉന്നയിച്ചു.
എസ്‌എച്ച്‌ഒയെ മാറ്റിനിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
പ്രകടനമായി എത്തിയ പ്രതിഷേധക്കാരെ സ്റ്റേഷന്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ യൂണിറ്റുകളില്‍നിന്ന് നൂറുകണക്കിന് അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പരിപാടിക്ക് ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍ നേതൃത്വം നല്‍കി.





