ജില്ലാ പഞ്ചായത്ത് കേരളോത്സവം ജനുവരി 31ന് കട്ടപ്പനയിൽ ആരംഭിക്കും
കട്ടപ്പന: ജില്ലാ പഞ്ചായത്ത് കേരളോത്സവം ജനുവരി 31ന് കട്ടപ്പനയിൽ ആരംഭിക്കും. പരിപാടിക്ക് മുന്നോടിയായുള്ള സംഘാടകസമിതി, സബ് കമ്മിറ്റികളുടെ യോഗം കട്ടപ്പന നഗരസഭയിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു.
കട്ടപ്പന നഗരസഭ ഗ്രൗണ്ട്, സെന്റ് ജോർജ് സ്‌കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി കേരളോത്സവം നടക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരത്തിലേറെ മത്സരാർഥികൾ പങ്കെടുക്കും.
യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ എം. ശങ്കർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി സജി, ഷൈനി റെജി, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ് എന്നിവർ നേതൃത്വം നൽകും.





