നെടുങ്കണ്ടം മൈനർസിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാർ അക്സയും അഭിയയും സിനിമയിലേക്ക്
നെടുങ്കണ്ടം മൈനർസിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാരായ അക്സയും അഭിയയും മലയാള സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കുന്ന ഹൊറർ ത്രില്ലർ ചിത്രം കൂടോത്രം വഴിയാണ് ഇരുവരുടെയും വെള്ളിത്തിര അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ആവേശത്തിലാണ് അക്സയും അഭിയയും.
ഇളപ്പാനിക്കൽ ബിജു–ടിൻസി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിനായി ഇരട്ട കുട്ടികളെ അന്വേഷിച്ചിരുന്ന സംവിധായകൻ ബൈജു എഴുപുന്ന, ഇരുവരുടെയും അമ്മ ടിൻസി ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് സിനിമയിൽ അവസരം നൽകുകയുമായിരുന്നു.
നിരവധി സിനിമകളുടെ നിർമാതാവും അഭിനേതാവുമായ ബൈജു എഴുപുന്ന, ചിത്രത്തിൽ തന്റെ മക്കളായിട്ടാണ് അക്സയെയും അഭിയയെയും അവതരിപ്പിക്കുന്നത്.
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഇരുവരും പഠനത്തിൽ മികവു പുലർത്തുന്നവരാണ്. കലാരംഗത്ത് സജീവമായിരുന്നില്ലെങ്കിലും, സംവിധായകൻ ഒരുക്കിയ അഭിനയ കളരിയിലൂടെ പരിശീലനം നേടിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. സ്കൂൾ അധ്യാപകരുടെയും സഹപാഠികളുടെയും ശക്തമായ പിന്തുണയും തീരുമാനത്തിന് കരുത്തായി.
പിതാവ് ബിജു നെടുങ്കണ്ടം സുമേരു പ്ലാന്റേഷൻ എസ്റ്റേറ്റിൽ ജീവനക്കാരനാണ്. സഹോദരൻ മെൽബിൻ സിവിൽ എൻജിനീയറാണ്.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കൂടോത്രം ചിത്രത്തിൽ അണിയറ പ്രവർത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കിക്കാർ പങ്കാളികളായിട്ടുണ്ട്. ചിത്രം 12ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.





