ഗിന്നസ് സുനിൽ ജോസഫിന് ആദരവ് നൽകി
പീരുമേട്: ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് CSI പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ രചയിതാവായ സുനിൽ ജോസഫ്യെ ആദരിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ് ഹാൾയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്തി രമേഷ് പൊന്നാട അണിയിച്ച് ആദരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു.
സുനിൽ രചിച്ച പള്ളിക്കുന്ന് CSI ചർച്ച് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം എന്ന ഗ്രന്ഥം ജനുവരി ഒന്നിന് Church of South India സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായ വി.എസ് ഫ്രാൻസിസ് പ്രകാശനം ചെയ്തിരുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള ഇരട്ട ഗിന്നസ് നേട്ടത്തിന്റെ ഉടമ കൂടിയാണ് സുനിൽ ജോസഫ്.
പുസ്തകത്തിൽ സി.എം.എസ് മിഷനറിമാരുടെ വരവ്, മലനാട്ടിലെ തോട്ട വ്യവസായത്തിന്റെ വളർച്ച, ഹെൻറി ബേക്കറുടെ സേവനങ്ങൾ, ബ്രിട്ടീഷ് സെമിത്തേരി, കുതിരയുടെ കല്ലറ, കല്ലറയിലെ അപൂർവ മരങ്ങൾ എന്നിവയുടെ വിശദമായ വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മദാമ്മകുളം, ചാർലികുളം, വളഞ്ഞാക്കാനം വെള്ളച്ചാട്ടം, പരുന്തുംപാറ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കാർ നിർമിച്ച ചീന്തലാർ, വണ്ടിപ്പെരിയാർ CSI പള്ളികൾ, പട്ടുമല പള്ളി തുടങ്ങിയ ചരിത്ര–ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്കുള്ള ദൂര വിവരങ്ങളും ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്. ചരിത്ര ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമായ ഗ്രന്ഥമാണിത്.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, പള്ളിക്കുന്ന് വാർഡംഗം വനിത മൂവിസ്, പഞ്ചായത്ത് സെക്രട്ടറി എ.എം. രാജ്, പഞ്ചായത്തംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.






