റോഡിലെ കുഴി : കാര്‍ കനാലിന്റെ തിട്ടയിലിടിച്ച് നിന്നു
തൊടുപുഴ : ഇടവെട്ടിച്ചിറ കനാൽ കവലയിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴി വെട്ടിച്ച് ഒഴിവാക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണ് തിട്ടിയിലിടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവർ സമയോചിതമായി വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു.
കനാൽ കവലയിലെ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇതാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ പരാതി നൽകിയതിനെ തുടർന്ന് ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം റോഡും ഗുരുതരമായി തകർന്ന നിലയിലാണ്.
ദിവസേന സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ഇടവെട്ടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ അനൂപ് വി.കെ.യുടെ നേതൃത്വത്തിൽ ചില മെമ്പർമാർ ചേർന്ന് വാട്ടർ അതോറിറ്റി എ.ഇ.യെ ഉപരോധിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പൈപ്പ് തകരാർ പരിഹരിച്ച് കുഴി അടയ്ക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി.
ഇനിയും വൈകുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ അനൂപ് അറിയിച്ചു.






