തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടാം

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തു വിട്ടേക്കും.

തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടാം

അഡ്വ. എ. രാജ (ദേവികുളം)

Slide 1
Slide 2
Slide 3
Slide 4

നിയമസഭയിലേക്ക് രണ്ടാം അങ്കത്തിനൊരുങ്ങുന്ന സ്ഥാനാർത്ഥിയാണ് അഡ്വ. എ. രാജ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

1984 ഒക്ടോബർ 17ന് കെ.ഡി.എച്ച്.പി കമ്പനി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ തോട്ടം തൊഴിലാളികളായ അന്തോണി–ഈശ്വരി ദമ്പതികളുടെ മകനായി ജനിച്ചു. 2009 മുതൽ 2015 വരെ ഡി.വൈ.എഫ്.ഐ മൂന്നാർ ബ്ലോക്ക് പ്രസിഡന്റായും 2015 മുതൽ 2018 വരെ ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമാണ്.

ബി.എ, ബി.എൽ ബിരുദധാരിയായ അദ്ദേഹം ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയാണ് ഇഷ്ട കായിക വിനോദങ്ങൾ. ഭാര്യ: ഷൈനി പ്രിയ. മക്കൾ: ആൻഡ്രിയ, ആരാധ്യ.

കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല)

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ കെ.കെ. ജയചന്ദ്രൻ മൂന്നു തവണ ഉടുമ്പൻചോലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 2001, 2006, 2011 വർഷങ്ങളിലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും മിനിമം വേേജ് ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.

1951 ഡിസംബർ 20ന് കുന്നത്ത് കൃഷ്ണൻ–ജാനകി ദമ്പതികളുടെ മകനായി ജനിച്ചു. കെ.എസ്.എഫ് വഴിയാണ് പൊതുരംഗത്ത് സജീവമായത്. ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995 മുതൽ മൂന്ന് വർഷം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് 2012ൽ എം.എം. മണിക്ക് പകരം ആക്ടിങ് സെക്രട്ടറിയായും 2015ൽ വീണ്ടും ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ: ശ്രീദേവി. മക്കൾ: നീതു (മുംബൈ), അനന്ത് (എറണാകുളം).

റോഷി അഗസ്റ്റിൻ (ഇടുക്കി)

2001 മുതൽ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയും നിലവിൽ മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ.

1969 ജനുവരി 20ന് കോട്ടയം ജില്ലയിലെ രാമപുരം ചക്കാംപുഴയിൽ സി.ടി. അഗസ്റ്റിൻ–ലീലാമ്മ അഗസ്റ്റിൻ ദമ്പതികളുടെ മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.

പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബിയും നേടി. 1996ൽ പേരാമ്പ്രയിൽ നിന്നായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് മത്സരം. പിന്നീട് ഇടുക്കിയിലേക്ക് മാറി.

ഭാര്യ: റാണി. മക്കൾ: ആൻമരിയ റോഷി, എയ്ഞ്ചൽ മരിയ, അഗസ്റ്റിൻ.

കെ. സലിംകുമാർ (പീരുമേട്)

സി.പി.ഐ ജില്ലാ സെക്രട്ടറിയായ കെ. സലിംകുമാർ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനൊരുങ്ങുകയാണ്. തൊടുപുഴ സ്വദേശിയാണ്.

ഉടുമ്പന്നൂർ മഞ്ചിക്കല്ല് കണിയാംപറമ്പിൽ തങ്കപ്പൻ–സരോജിനി ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാനിക്കൂട്ടം എൽ.പി സ്കൂളിലും മങ്കുഴി സ്കൂളിലുമാണ് പഠിച്ചത്. തൊടുപുഴയിലെ ഇ.എ. പരമേശ്വരൻ നായർ ആൻഡ് സൺസ് സ്ഥാപനത്തിലെ ജോലിക്കിടെ എ.ഐ.ടി.യു.സി യൂണിയനിൽ ചേർന്ന് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് വഴിത്തല ഭാസ്‌കരനൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവമായി.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ ചെത്ത് തൊഴിലാളി ഫെഡറേഷൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടുതൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സിന്ധു (വഴിത്തല ഭാസ്‌കരന്റെ മകൾ). മകൾ: ലക്ഷ്മിപ്രിയ. മരുമകൻ: രോഹിത്ത്.