പാചകവാതക പ്രതിസന്ധി: നെടുങ്കണ്ടത്ത് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം
നെടുങ്കണ്ടം: ഹോട്ടലുകൾക്കും ഹോസ്റ്റലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യമായ പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നെടുങ്കണ്ടത്ത് വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി പ്രതിഷേധവും സംഘടിപ്പിച്ചു.
ഇന്ന് രാവിലെ നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്.പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം മൂലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.





