ശവ്വാല്‍ പിറ തെളിഞ്ഞു ; നാളെ ചെറിയ പെരുന്നാള്‍
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ (20.03.2026) രാജ്യത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് പ്രമുഖ ഖാസിമാര്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി അറിയിച്ചത്.
വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ സന്തോഷത്തോടെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും നിര്‍വഹിക്കണമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.റമദാന്‍ മാസത്തിന് വിരാമമിട്ട് വിശ്വാസികള്‍ ആത്മീയ ആവേശത്തോടെയും സഹോദരഭാവത്തോടെയും ഈദ് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്.






