സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു
വോട്ടർ ബോധവത്കരണ പരിപാടിയായ (SWEEP)യുടെ ഭാഗമായി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റ് കവാടത്തിൽ സജ്ജീകരിച്ച ‘വോട്ട് ഭിത്തിയിൽ’ ഒപ്പ് രേഖപ്പെടുത്തിയതോടൊപ്പം വോട്ടേഴ്സ് ഫോട്ടോ പോയിന്റിൽ നിന്നു കളക്ടർ ചിത്രം എടുത്തു. ചടങ്ങിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യും പങ്കെടുത്തു.
വോട്ട് രേഖപ്പെടുത്തുന്നതിന്റെയും തിരഞ്ഞെടുപ്പിലെ ഹരിത ചട്ടപാലനത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന പ്ലക്കാർഡുകൾ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. “സമ്മതിദാനം അവകാശമാണ്, അത് വിനിയോഗിക്കുക” എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിരുന്നു.
കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ ഹർഷദ് കുമാർ ആർ പട്ടേൽ, ദീപ്തി ഉപ്പൽ, ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവരും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.





