പുകവലിക്കാർക്ക് തിരിച്ചടി : സിഗരറ്റ് വില വീണ്ടും ഉയരാൻ സാധ്യത

പുകവലിക്കാർക്ക് തിരിച്ചടി : സിഗരറ്റ് വില വീണ്ടും ഉയരാൻ സാധ്യത

രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാതാക്കളായ ITC ലിമിറ്റഡ്., ഗോഡ്ഫ്രെ ഫിലിപ്പ് ഇന്ത്യയും മേയ് മാസത്തിൽ മുതൽ 17 ശതമാനം വരെ വില വർധിപ്പിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇതോടെ പുകവലിക്കാർക്ക് കൂടുതൽ സാമ്പത്തികഭാരം അനുഭവിക്കേണ്ടി വരും.

ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടി 30–40 ശതമാനം വരെ വർധിപ്പിച്ചതിന് പിന്നാലെ സിഗരറ്റ് വില ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വില വർധനവ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രീമിയം ബ്രാൻഡുകൾക്കൊപ്പം സാധാരണ ബ്രാൻഡുകളിലും വില കൂടാൻ സാധ്യതയുണ്ട്.

ഗോൾഡ് ഫ്ലേക്ക്, ക്ലാസിക്, മാർൽബോറോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ വിലയിൽ കാര്യമായ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന്റെ വില നിലവിലെ ₹115ൽ നിന്ന് ₹135 വരെ ഉയർന്നേക്കും.

നികുതി വർധനവിനെ തുടർന്ന് മുൻപ് തന്നെ കിംഗ് സൈസ് സിഗരറ്റുകളുടെ ഒരു സ്റ്റിക്കിന്റെ വില ₹20ൽ നിന്ന് ₹25–₹28 വരെയായി ഉയർന്നിരുന്നു. പുതിയ വർധനവ് കൂടി വരുന്നതോടെ ഇത് ഇനിയും കൂടാനിടയുണ്ട്.

വില വർധനവിനെ തുടർന്ന് സിഗരറ്റ് വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏകദേശം 20 ശതമാനം വരെ വിൽപ്പന കുറഞ്ഞതായി ഡീലർമാർ വ്യക്തമാക്കുന്നു. ചില സ്ഥിരം പുകവലിക്കാർ വില കുറഞ്ഞ ബ്രാൻഡുകളിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.

നികുതി വർധന മൂലമുള്ള ചെലവ് വർധനയും ലാഭം നിലനിർത്താനുള്ള ശ്രമവുമാണ് കമ്പനികൾ വീണ്ടും വില കൂട്ടാൻ കാരണമെന്ന് വിലയിരുത്തുന്നു. എന്നാൽ വില വർധനവുമായി ബന്ധപ്പെട്ട് കമ്പനികൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.