കട്ടപ്പന നഗരസഭയ്ക്ക് മുൻപിൽ ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌റ്റെയിൽ പാം

കട്ടപ്പന നഗരസഭയ്ക്ക് മുൻപിൽ ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌റ്റെയിൽ പാം

കട്ടപ്പന: നഗരസഭാ കാര്യാലയത്തിന് മുൻവശത്ത് നിലകൊള്ളുന്ന അപൂർവ അലങ്കാര വൃക്ഷമായ ഫോക്‌സ്‌റ്റെയിൽ പാം ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കായ്കൾ നിറഞ്ഞ് നിൽക്കുന്ന ഈ മനോഹര വൃക്ഷം നിരവധി പേരെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.

ശാസ്ത്രീയമായി Wodyetia bifurcata എന്നറിയപ്പെടുന്ന ഈ പാം വൃക്ഷം അതിന്റെ വ്യത്യസ്തമായ ഭംഗിയാലാണ് ശ്രദ്ധേയമാകുന്നത്. കുറുനരിയുടെ വാൽപോലെ പതപ്പുള്ള ഓലകളുള്ളതിനാലാണ് “ഫോക്‌സ്‌റ്റെയിൽ പാം” എന്ന പേര് ലഭിച്ചത്. ചിത്രത്തിൽ കാണുന്ന പോലെ കൂട്ടമായുണ്ടാകുന്ന കായ്കൾ ആദ്യം പച്ച നിറത്തിലായിരിക്കും. പിന്നീട് പഴുത്തെത്തുമ്പോൾ ഓറഞ്ച്-ചുവപ്പ് നിറത്തിലേക്ക് മാറുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ കായ്കൾക്ക് ഏകദേശം രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും

.

അടയ്ക്കയെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇതിനെ “കോരടക്ക” എന്ന പേരിലും വിളിക്കാറുണ്ട്. അലങ്കാര സസ്യമായി വ്യാപകമായി വളർത്തുന്ന ഈ വൃക്ഷം നഗരഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി നാട്ടുകാർ പറയുന്നു.

നഗരമധ്യത്തിൽ തന്നെയുള്ള ഈ അപൂർവ കാഴ്ച നിരവധി പേർ മൊബൈൽ ഫോണുകളിൽ പകർത്തിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും ശ്രദ്ധേയമാകുകയാണ്.കട്ടപ്പന ഫെസ്റ്റിന് എത്തുന്ന ആസ്വാദകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം കൂടിയായി ഈ അപൂർവ അലങ്കാര വൃക്ഷം മാറി കഴിഞ്ഞു.