കാലവർഷം: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം നിവേദനം നൽകി
കാലവർഷം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപതാ സമിതി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.
കെസിവൈഎം രൂപത പ്രസിഡന്റ് അമൽ ജിജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി നിവേദനം സമർപ്പിച്ചു. മറ്റ് രൂപതാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കെസിവൈഎം രൂപതാ സമിതിയുടെ പൂർണ പിന്തുണയും ആവശ്യമായ സന്നദ്ധസേവനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടറെ അറിയിച്ചു.




