*“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
തൊടുപുഴ: കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ, സ്കൂൾ മാനേജർ ഫാ. ആൽഫ്രഡ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലുടനീളം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറുടെ 9497912649 എന്ന നമ്പറിൽ ബന്ധപ്പെടാം.
അതേസമയം, ഇടുക്കി ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.


