പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഫ്രണ്ട്സ് ഓഫ് കട്ടപ്പന
കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
"പച്ചയാണ് ഭൂമിയുടെ ശ്വാസം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് തൈ വിതരണ പരിപാടി നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം അപകടാവസ്ഥയിലായിരുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് (PWD) മുറിച്ചുമാറ്റിയ സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ മരതൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രോഗ്രാം ചെയർമാൻ ബിനോയി കല്ലോലിപ്പറമ്പിൽ, ജോസൻ കെ. ജോസ്, ടോമി ആനിക്കാമുണ്ടയിൽ, ശ്രീകാന്ത് കെ.വി. എന്നിവർ സംസാരിച്ചു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയി സ്വരലയ, സൈജോ ഫിലിപ്പ്, റോയി ജോർജ്, രാജേഷ് സി. രാജേന്ദ്രൻ, ശ്രീജിത്ത് മോഹൻ, ശ്രീകുമാർ എം.എസ്., ഷനിൽ ഇ.എസ്., ജൈബി ജോസഫ്, അജിത്ത്, റിനു മാത്യു, ജെറിൻ ജയിംസ്, ആഷിസ് ഓവേലിൽ, ബേസിൽ, സജി ജോൺ, എബി രജ്ഞൻ, അതിര ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പേര, ഞാവൽ, പുളി, പനിനീർ ചാമ്പ, കരിവേപ്പ് തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിവിധ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.


