36 ലിറ്റർ വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ
മൂന്നാർ : സൈലന്റ് വാലി റോഡിൽ നടത്തിയ പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ദേവികുളം എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ടി.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്. പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തതോടൊപ്പം കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജീവ് ജി., സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജു ഡാനിയൽ, സുജിൻ എസ്.ആർ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.



