ജനങ്ങളോടൊപ്പം’ ക്യാമ്പയിൻ; വണ്ണപ്പുറം വില്ലേജ് ഓഫീസിലെ സബ് കളക്ടറുടെ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം

ജനങ്ങളോടൊപ്പം’ ക്യാമ്പയിൻ; വണ്ണപ്പുറം വില്ലേജ് ഓഫീസിലെ സബ് കളക്ടറുടെ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം

ജില്ലയിലെ ഗ്രാമീണതലത്തിലുള്ള ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി സബ് കളക്ടർ അനുപ് ഗാർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി വണ്ണപ്പുറം വില്ലേജ് ഓഫീസിൽ നടത്തിയ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം.

പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായും സംവദിക്കുകയും ചെയ്തു.

പരാതികൾ സമർപ്പിക്കുന്നതിനും വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുമായി സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.

വണ്ണപ്പുറം വില്ലേജ് ഓഫീസിലെത്തിയ സബ് കളക്ടർക്ക് ഭൂമി, റവന്യൂ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.

ഗ്രാമതലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാര നടപടികൾ വേഗത്തിലാക്കുകയാണ് ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.