ഇടുക്കി മെഡിക്കൽ കോളജിലെ നീതി മെഡിക്കൽ സ്റ്റോറിനും ലാബിനുമെതിരെ പരാതി

ഇടുക്കി മെഡിക്കൽ കോളജിലെ നീതി മെഡിക്കൽ സ്റ്റോറിനും ലാബിനുമെതിരെ പരാതി

ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിനും നീതി മെഡിക്കൽ ലാബിനുമെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ്. ഇവ നിർത്തലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പകരം സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലാണ് നീതി മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നതെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിരുന്ന ഒരു സൊസൈറ്റിയുടെ പേരിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഇടുക്കി മെഡിക്കൽ കോളജിന്റെ മറവിൽ നടക്കുന്നുവെന്ന് ആരോപിക്കുന്ന ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുണ്‍ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് തുടങ്ങിയവരും മന്ത്രിക്ക് പരാതി നൽകുന്നതിനായി എത്തിയിരുന്നു.