"₹5001 ഗൂഗിൾ പേ വഴി ലഭിച്ചു" എന്ന സന്ദേശം വിശ്വസിക്കരുത്; പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്
₹5001 Google Pay-ൽ നിന്ന് ലഭിച്ചു", "ക്യാഷ്ബാക്ക് ലഭിച്ചു", "ഇൻസ്റ്റന്റ് റിവാർഡ്" തുടങ്ങിയ ആകർഷകമായ സന്ദേശങ്ങൾ വഴി സൈബർ തട്ടിപ്പുകാർ പുതിയ രീതിയിൽ ആളുകളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. വാട്സ്ആപ്പ്, എസ്.എം.എസ്., മറ്റ് സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.
ഇത്തരം ലിങ്കുകൾ യഥാർത്ഥ ആപ്പുകളെ അനുകരിച്ചുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, UPI PIN, പാസ്‌വേഡ്, CVV തുടങ്ങിയ രഹസ്യ വിവരങ്ങൾ തട്ടിയെടുത്ത് അക്കൗണ്ടിലെ പണം അപഹരിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
"വലിയ സമ്മാനം", "ക്യാഷ്ബാക്ക്", "ഇൻസ്റ്റന്റ് റിവാർഡ്" തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന ഓഫറുകളുടെ ആധികാരികത ഉറപ്പാക്കണം. Google Pay, PhonePe തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളിലെ ഓഫറുകൾ ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകളിൽ മാത്രം പരിശോധിക്കണം. OTP, UPI PIN, പാസ്‌വേഡ്, CVV തുടങ്ങിയ വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിശോധന നടത്താതെ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
സൈബർ തട്ടിപ്പിന് ഇരയായാൽ സമയം നഷ്ടപ്പെടുത്താതെ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ https://www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണം.


