കാലടി ശ്രീശങ്കര പാലത്തിൽ രാത്രികാല ഗതാഗത നിരോധനം; മൂന്ന് ദിവസം ബദൽ ക്രമീകരണം
കാലടി: എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് താൽക്കാലികമായി പൂർണ നിരോധനം ഏർപ്പെടുത്തി.
ജൂലൈ 23, 24, 25 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ രാത്രി 10.00 മുതൽ രാവിലെ 6.00 വരെ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ പോലീസ് ബദൽ യാത്രാമാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
ബദൽ മാർഗങ്ങൾ:
അങ്കമാലി – പെരുമ്പാവൂർ റൂട്ട്: അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിലെത്തി യാത്ര തുടരുക. പെരുമ്പാവൂരിൽ നിന്ന് അങ്കമാലിയിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.
കോതമംഗലം ഭാഗത്തേക്ക്: അങ്കമാലിയിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ – കോടനാട് പാലം കടന്ന് കുറുപ്പംപടി വഴി യാത്ര ചെയ്യണം.
കൊച്ചി വിമാനത്താവളത്തിലേക്ക്: മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലം – പാനൂർക്കടവ് – ശ്രീമൂലനഗരം – കാഞ്ഞൂർ വഴിയാണ് വിമാനത്താവളത്തിലെത്തേണ്ടത്.
രാത്രികാല യാത്രകൾ നടത്തുന്നവർ ഗതാഗത തടസ്സം ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്ന ബദൽ റോഡുകൾ ഉപയോഗിച്ച് അധികൃതരോട് സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.




