KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി: മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരുടെയും കെഎസ്ആര്‍ടിസിയുടെയും അഭിപ്രായം കേട്ടശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വനിതാ കണ്ടക്ടര്‍മാരായ എസ്. എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതിമാസം രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:
ആര്‍ത്തവ അവധി വനിതാ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന പുരോഗമനപരമായ നടപടിയാണ്.
ദീര്‍ഘനേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ട കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.
വിശ്രമത്തിനും ശുചിത്വ സൗകര്യങ്ങള്‍ക്കും പരിമിതികളുള്ള സാഹചര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമാണ്.
സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നതും മാനുഷിക തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ ഭരണഘടനാ മൂല്യങ്ങളോട് ഇത്തരം നയം യോജിച്ചുനില്‍ക്കുന്നു.
ഹര്‍ജിക്കാര്‍ ബിഹാര്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതും കേരളത്തിലെ ചില സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നിലവിലുണ്ടെന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സംസ്ഥാനത്തെ ഏകദേശം 3,000 വനിതാ കണ്ടക്ടര്‍മാരെ ബാധിക്കുന്ന വിഷയമായതിനാല്‍, വനിതാ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളും ആരോഗ്യപരമായ ആവശ്യങ്ങളും പരിഗണിച്ച് അനുയോജ്യമായ ആര്‍ത്തവ അവധി നയം രൂപീകരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.





