കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന എൻ. എം. താഹ അന്തരിച്ചു
തലയോലപ്പറമ്പ്: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന കരിപ്പാടം നെടുംചിറയിൽ എൻ. എം. താഹ (82) അന്തരിച്ചു. കബറടക്കം ഇന്ന് (ഓഗസ്റ്റ് 2, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കരിപ്പാടം മുഹയ്ദീൻ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ താഹ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങി കോൺഗ്രസിലെ വിവിധ സുപ്രധാന പദവികൾ വഹിച്ചു.
വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കേരളത്തിലെ ആദ്യത്തെ ജനകീയ പാലമായ തട്ടാവേലി പാലം യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. നേരേകടവ്–മാക്കേകടവ് പാലം ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിനായി ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു അദ്ദേഹം.
ഭാര്യ: ഐഷബീവി.മക്കൾ: മിർസ (കെഎസ്ഇബി), മൈസ (ദുബായ്), മൻസ (കാക്കനാട്), മുഹമ്മദ് മർസൂഖ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്).മരുമക്കൾ: സുനിൽ (പെരുമ്പാവൂർ), നിയാസ് (ദുബായ്), അനീർ (കാക്കനാട്), റുക്സാന.





