നാളെ (03/08/2026) ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി: കാലവർഷത്തിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി 2026 ഓഗസ്റ്റ് 3 (തിങ്കളാഴ്ച) ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ, മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവിടുത്തെ കോഴ്സുകൾക്കും അവധി ബാധകമല്ല.
അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.





