കോട്ടയം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
കോട്ടയം: ജില്ലയിൽ തുടരുന്ന ശക്തമായ മഴക്കെടുതിക്കിടെ മറ്റൊരു ദാരുണമരണം കൂടി റിപ്പോർട്ട് ചെയ്തു. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ പുളിഞ്ചോട് ഭാഗത്തെ വെള്ളക്കെട്ടിൽ വീണ ആറുമാനൂർ സ്വദേശി അഴിയാത്ത് പരേതനായ മാത്യുവിന്റെ മകൻ ജിന്റോ മാത്യു (43) ആണ് മരിച്ചത്.
വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയ ജിന്റോയെ നാട്ടുകാർ ഉടൻ മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിന്റോ അവിവാഹിതനാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകളും പുഴയോര പ്രദേശങ്ങളും ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





