അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത. അതിനാൽ മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളത്തെ (ഓഗസ്റ്റ് 7) മുന്നറിയിപ്പ്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.





