ക്ഷേമപെൻഷൻ: ബാങ്ക് വഴിയുള്ള വിതരണം ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണം പൂർണമായി ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്തെ പെൻഷൻ നിലവിലുള്ള രീതിയിൽ തന്നെ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കും.
ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെൻഷൻ നൽകുന്ന DBT സംവിധാനം നടപ്പാക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ പുതിയ സംവിധാനത്തിലേക്ക് മാറുകയുള്ളൂ.
നിലവിൽ ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി 1,095 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേനയും തുക ഗുണഭോക്താക്കളിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാർത്തകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് സർക്കാർ വിശദീകരണം. ഓണക്കാലത്തെ പെൻഷൻ വിതരണത്തിൽ നിലവിലെ രീതിയിൽ മാറ്റമുണ്ടാകില്ല.





