ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസുകാരി മരിച്ചു
കോതമംഗലം: ചൂടുവെള്ളം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗം വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
ഒരാഴ്ച മുൻപായിരുന്നു അപകടം. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ ചൂടുവെള്ളം തയ്യാറാക്കി വെച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ ബക്കറ്റ് അബദ്ധത്തിൽ മറിഞ്ഞ് ചൂടുവെള്ളം ദേഹത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടെ പൊള്ളലേറ്റ ഭാഗത്തുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.





